ഗുരുവായൂരിൽ പ്രസാദ ഊട്ടിന് ഭക്തര്‍ക്ക് ഇനി ഷര്‍ട്ട് ധരിക്കാം..

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ടിനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ തീരുമാനിച്ച് ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കാനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ മെയ് 22ന് ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. ഷർട്ട് ധരിക്കാന്‍ അനുവദിക്കണമെന്നത് ഭക്തരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ ഷര്‍ട്ട് അഴിച്ചു വേണം അന്നലക്ഷ്മി ഹാളില്‍ പ്രവേശിക്കാന്‍ എന്നതാണ് നിലവിലെ രീതി. പ്രസാദ ഊട്ട് വിളമ്പുന്നവര്‍ തൊപ്പിയും ഗ്ലൗസും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നു മുതലാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല.

പ്രസാദ ഊട്ടിനായി കാത്തിരിക്കുമ്പോള്‍ ഭക്തരോട് ഷര്‍ട്ട് ഊരിമാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത് വളരെക്കാലമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിവാണ്. പലപ്പോഴും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ളവര്‍ പോലും അത്തരം നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുകയും അത് ഡൈനിങ് ഹാളിനുള്ളില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാറുണ്ട്.

തന്ത്രിയുമായി കൂടിയാലോചിച്ച തീരുമാനം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും ഇപ്പോള്‍ ഷര്‍ട്ട് ഊരിമാറ്റാന്‍ ആവശ്യപ്പെടുന്നില്ല. ജൂണ്‍ മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!