പുതിയ നേതൃത്വത്തെ  സ്വീകരിക്കാന്‍ ഒരുങ്ങി കെപിസിസി ആസ്ഥാനം

തിരുവനന്തപുരം : പുതിയ നേതൃത്വത്തെ  സ്വീകരിക്കാന്‍ ഒരുങ്ങി കോൺഗ്രസ് ആസ്ഥാനം. ചുമതലയേറ്റെടുക്കല്‍ രാവിലെ 9.30ന്*

നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി  യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍  ഇന്ന്  രാവിലെ 9.30ന് ചുമതലയേറ്റെടുക്കും.

കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍  നടക്കുന്ന ചടങ്ങ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എഐസിസി സെക്രട്ടറിമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചുമതല ഏറ്റെടുക്കുന്നതിന് മുമ്പായി നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ തൃശ്ശൂരില്‍ ലീഡര്‍ കെ കരുണാകരന്റെ  സ്മൃതിമണ്ഡപത്തിലും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും കൊല്ലത്ത് ആര്‍.ശങ്കറുടെ സ്മൃതി മണ്ഡപത്തിലും സന്ദര്‍ശിച്ചു പുഷ്പാര്‍ച്ചന നടത്തി.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് തോമസ് തറയിലിനെയും നേതാക്കള്‍ സന്ദര്‍ശിച്ചു. അതിനുശേഷം  പത്തനംതിട്ടയിലെത്തി അന്തരിച്ച ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന് അന്ത്യോപചാരമര്‍പ്പിച്ചു. 

കൊല്ലത്ത് എത്തി മുന്‍ കെപിസിസി പ്രസിഡന്റ് സി.വി പത്മരാജനെയും സന്ദര്‍ശിച്ച ശേഷം നേതാക്കള്‍  തലസ്ഥാനത്തെത്തി. 

രാവിലെ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുമ്പായി കോണ്‍ഗ്രസ് പ്രവര്‍ത്തക  സമിതി അംഗം എ കെ ആന്റണിയെ നിയുക്ത കെപിസിസി പ്രസിഡന്റും വര്‍ക്കിംഗ് പ്രഡിസന്റുമാരും  സന്ദര്‍ശിക്കും. അതിന് ശേഷം കെപിസിസിയില്‍ ചുമതലയേറ്റെടുക്കല്‍ ചടങ്ങുകള്‍ നടക്കും.

പുതിയ നേതൃത്വത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ കെപിസിസിയില്‍ പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!