‘പ്ലീസ്! ആ ചെമ്പുകലം ഞങ്ങള്‍ക്ക് തിരികെ തരൂ, ചായ കുടിക്കാനുള്ളതാണ്’… 90 വര്‍ഷം പഴക്കമുള്ള പാത്രം മോഷ്ടിച്ച കള്ളനോട് നാട്ടുകാര്‍ക്ക് പറയാനുള്ളത്…

വടക്കന്‍ പറവൂരുകാര്‍ക്ക് ഒന്നടങ്കം ഒരു അപേക്ഷയുണ്ട്. രവിപാപ്പന്റെ കടയില്‍ നിന്ന് മോഷ്ടിച്ച ചെമ്പ് കലം ഏത് കള്ളനായാലും തിരിച്ച് തരണമെന്നാണ് ഇവിടുത്തെ ചായപ്രേമികളുടെ ആവശ്യം. സംഭവം ഒരു ചെമ്പുകലമല്ലേ എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടേ. 90 വര്‍ഷം പഴക്കമുള്ള ഈ ചെമ്പുകലമാണ് ഇവിടുത്തെ ചായയുടെ സീക്രട്ട്.

വിറക് അടുപ്പില്‍ വലിയ ചെമ്പ് പാത്രത്തിലായിരുന്നു ഇവിടെ ചായ ഉണ്ടാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ സ്‌പെഷ്യല്‍ ചായ നാട്ടുകാര്‍ക്ക് പ്രിയമുള്ളതാണ്. നാട്ടുകാര്‍ ഒരുമിച്ച് ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

സമീപ പ്രദേശത്ത് വലിയ ഹോട്ടലുകള്‍ വന്നിട്ടുണ്ടെങ്കിലും മനക്കപ്പടി ജംങ്ഷനില്‍ ബസിറങ്ങുന്നവരില്‍ ഭൂരിഭാഗം ആളുകളും ചൂട് ചായ കുടിക്കാന്‍ എത്തുന്നത് രവിപാപ്പന്റെ കടയിലാണ്. ചെമ്പ് കലം മോഷണം പോയതിനാല്‍ ഞങ്ങള്‍ക്കിപ്പോള്‍ ചായ കിട്ടുന്നില്ലെന്ന് മനക്കപ്പടി നോര്‍ത്തിലെ വാര്‍ഡ് അംഗം ലൈജു കെ എം പറയുന്നു.

നിരാശരായ ചായ പ്രേമികള്‍ എല്ലാവരും ചേര്‍ന്ന് ആലങ്ങാട് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് സമീപത്തെ സിസിടിവി കാമറയും സമീപത്തെ കടകളിലുമൊക്കെ പരിശോധന നടത്തി. ഇതുവരെ കള്ളനെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലുംപറമ്പില്‍ താമസിച്ചിരുന്ന പരേതനായ രവീന്ദ്രന്‍ സ്ഥാപിച്ചതാണ് ഈ കട. അതിനു ശേഷം മക്കളായ സുബ്രഹ്മണ്യനും ധനശീലനുമാണ് ഇപ്പോള്‍ കട നടത്തുന്നത്. രവീന്ദ്രന്റെ ഓര്‍മയ്ക്കായാണ് രവിപാപ്പന്റെ കട എന്ന് പേര് നല്‍കിയിരിക്കുന്നത്. അന്ന് നിര്‍മിച്ച കെട്ടിടം അതേപടി ഇപ്പോഴും നിലിനിര്‍ത്തിയിട്ടുണ്ട്. മേശയിലുണ്ടായി രുന്ന ചെറിയൊരു തുകയും കള്ളന്‍ മോഷ്ടിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!