സെന്തില്‍ ബാലാജിയും കെ പൊന്മുടിയും രാജിവച്ചു, തമിഴ്നാട് മന്ത്രിസഭയില്‍ അഴിച്ചുപണി…

ചെന്നൈ: വിവാദങ്ങള്‍ സൃഷ്ടിച്ച മന്ത്രിമാരെ നീക്കി തമിഴ്‌നാട്ടില്‍ മന്ത്രിസഭാ പുനഃസംഘടന. സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങിയ കേസില്‍ ജാമ്യം റദ്ദാക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെ സെന്തില്‍ ബാലാജി രാജിവച്ചു. പ്രസംഗത്തിനിടെ വൈഷ്ണവ ശൈവ വിഭാഗങ്ങള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വിവാദം ക്ഷണിച്ചുവരുത്തിയ മന്ത്രി കെ പൊന്മുടിയാണ് മന്ത്രിസഭയില്‍ പുറത്ത് പോയ രണ്ടാമന്‍. വൈദ്യുതി, എക്‌സൈസ് വകുപ്പുകളായിരുന്നു വി സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്നത്. വനം, ഖാദി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കെ പൊന്‍മുടി.

മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്ന് തിങ്കളാഴ്ചയ്ക്കകം അറിയിക്കണം എന്ന് സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കുമെന്ന സുപ്രിംകോടതി വ്യക്തമായ നിലപാട് എടുത്തതോടെയാണ് സെന്തില്‍ ബാലാജി മന്ത്രി സഭയില്‍ നിന്ന് പടിയിറങ്ങുന്നത്. പ്രസംഗത്തിനിടെ വൈഷ്ണവ ശൈവ വിഭാഗങ്ങള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി കെ പൊന്മുടിക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു പൊന്മുടിയുടെ രാജി.

ഇരുവര്‍ക്കും പകരമായി മനോ തങ്കരാജും രാജാകണ്ണപ്പനും മന്ത്രിസഭയിലെത്തിയേക്കും.നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃ സംഘടനയാണ് തമിഴ്നാട്ടില്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!