കോട്ടയം മെഡിക്കല്‍ കോളജില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച പോലീസുകാരനെ കമ്പിവടിക്ക് ആക്രമിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചവരെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനു നേരെ ആക്രമണം. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് പോലീസുകാരന്റെ തലയ്ക്ക് പരിക്കേറ്റു.

ആശുപത്രിയില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കേരള പൊലീസിന്റെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌ഐഎസ്എഫ്) ഉദ്യോഗസ്ഥനായ ജോബിന്‍ ജോണ്‍സണിന്റെ തലയ്ക്കു പരുക്കേറ്റു. ബീയര്‍ കുപ്പിയും കമ്പിവടിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടംഗ സംഘത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സാഹസികമായി കീഴ്പ്പെടുത്തി.

പൊലീസ് ഉദ്യോഗസ്ഥനും മേലുകാവ് സ്വദേശിയുമായ ജോബിന്‍ ജോണ്‍സണിനാണു പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ തലയില്‍ അഞ്ച് തുന്നലുകളുണ്ട്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ കുമാരനല്ലൂര്‍ വല്യാലിന്‍ചുവട് കൊല്ലേലില്‍ ബിജോ കെ.ബേബി (20), ആലപ്പുഴ എണ്ണക്കാട് ചെങ്കിലാത്ത് പടീറ്റതില്‍ ശ്രീകുമാര്‍ (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജോ കെ. ബേബി ആര്‍പ്പൂക്കര അങ്ങാടിപ്പള്ളി ഇല്ലത്തുപറമ്പില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയാണ്. ഇരുവരും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.

ആശുപത്രി പരിസരത്ത് മോഷണവും പോക്കറ്റടിയുമായി നടക്കുന്ന ആളാണ് ശ്രീകുമാറെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ പണ്ട് ന്യൂറോ വിഭാഗത്തില്‍ ചികിത്സയ്ക്കു വന്നതായിരുന്നു. അസുഖം ഭേദമായെങ്കിലും പിന്നീട് ആശുപത്രി വിട്ടു പോയില്ല.

ഇടയ്ക്ക് പഴയ ചികിത്സാരേഖകള്‍ കാട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് വാര്‍ഡിനുള്ളില്‍ കയറി മോഷണങ്ങള്‍ നടത്താറുണ്ടായിരുന്നു. പിടിക്കപ്പെട്ടതോടെ ഇയാളെ ആശുപത്രിക്കുള്ളില്‍ പ്രവേശിപ്പിക്കാറില്ല.

സംഭവ ദിവസം വൈകുന്നേരത്തോടെ ബിജോയും ശ്രീകുമാറും അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കണമെന്ന ആവശ്യവുമായെത്തി. എന്നാല്‍ രേഖകളോ പ്രവേശന പാസോ ഇല്ലാത്തതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അകത്തു കയറ്റിയില്ല. തുടര്‍ന്നു മൂന്ന് തവണ ഇതേ ആവശ്യവുമായി ഇവര്‍ എത്തിയെങ്കിലും കടത്തിവിട്ടില്ല.

രാത്രി 11നാണ് ജോബിന്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ആ സമയത്തും ഇവര്‍ എത്തി. കടത്തിവിടാതെ വന്നതോടെ, പൊട്ടിച്ച ബീയര്‍ കുപ്പിയും കമ്പിവടിയുമായി ഇരുവരും എത്തുകയായിരുന്നു. ബീയര്‍ കുപ്പി കൊണ്ട് ശ്രീകുമാര്‍ കുത്താന്‍ ശ്രമിച്ചപ്പോള്‍ ജോബിന്‍ ഒഴിഞ്ഞുമാറി.

എന്നാല്‍ ഈ സമയം ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച കമ്പിവടി ഉപയോഗിച്ച് ബിജോ ജോബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് പിടികൂടിയത്. ഗാന്ധിനഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!