മതഭീകരവാദികൾക്ക് അഴിഞ്ഞാടാൻ എൽഡിഎഫ്- യുഡിഎഫ് പിന്തുണ: കെ.സുരേന്ദ്രൻ

കോഴിക്കോട് : മതഭീകരവാദ സംഘടനകൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ എൽഡിഎഫും യുഡിഎഫും പിന്തുണ നൽകിയിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വഖഫ് നിയമഭേദഗതി പാസായതിന്റെ മറവിൽ തീവ്രവാദശക്തികൾ സംസ്ഥാനത്ത് വലിയ നീക്കം നടത്തുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കോഴിക്കോട് വിമാനത്താവളം ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ മതതീവ്രവാദികൾ ഉപരോധിച്ചത് ഭരണ- പ്രതിപക്ഷ മുന്നണികളുടെ സഹായത്തോടെയാണ്. ആഗോള ഭീകരനേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് രാജ്യവിരുദ്ധമായ നടപടിയാണ്. മുസ്ലിം ബ്രദർഹുഡിന്റെ സ്ഥാപകന്റെ ചിത്രവും ഹമാസ് ഭീകര നേതാവിന്റെ ചിത്രവും പ്രതിഷേധക്കാർ പ്രദർശിപ്പിച്ചു. സ്വന്തം നാടായ ഈജിപ്തിൽ പോലും നിരോധിക്കപ്പെട്ട സംഘടനയാണ് മുസ്ലിം ബ്രദർഹുഡ്. ലോകം മുഴുവൻ ഭീകരസംഘടനയായി മുദ്രകുത്തിയ സംഘടനയുടെ നേതാവിന് കേരളത്തിൽ എന്താണ് സ്ഥാനം? ഹമാസ് തലവന്റെ ചിത്രം എന്തിനാണ് വഖഫ് നിയമഭേദഗതിക്കെതിരെ ഉപയോഗിക്കുന്നത്?

ഇന്ത്യയിലെ വഖഫ് ബില്ലിനെതിരെ സംസാരിച്ച നേതാക്കൻമാരുടെ ചിത്രം ഉപയോഗിക്കാതെ ആഗോള ഭീകരവാദികളെ എന്തിന് പ്രദർശിപ്പിക്കണം. സംസ്ഥാന സർക്കാരും പ്രതിപക്ഷവുമാണ് ഇതിന് ഉത്തരവാദികൾ. ഭരണ- പ്രതിപക്ഷങ്ങളുടെ പ്രീണന രാഷ്ട്രീയമാണ് ഇതിന് കാരണം. ഇതിന് മുമ്പ് ഹമാസ് നേതാവ് കേരളത്തിലെ ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തിരുന്നു. കേന്ദ്രസർക്കാർ മതഭീകരവാദത്തിനെ തിരെ ശക്തമായ നടപടികളെടുക്കുമ്പോൾ കേരളത്തിൽ അവർക്ക് പിന്തുണയേറുന്നു.

വിമാനത്താവളം ഉപരോധിക്കുക എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. അതിനെതിരെ പൊലീസ് എന്ത് നടപടിയാണ് എടുത്തത്? പൊലീസ് ഇന്റലിജൻസിന്റെ പരാജയമാണ് വ്യക്തമാവുന്നത്. എന്ത് കേസാണ് ഇതിൽ പൊലീസ് എടുത്തത്? 16 ന് മുസ്ലിംലീഗ് കരിപ്പൂർ വിമാനത്താവളം ഉപരോധിക്കുകയാണ്. നേരത്തെയും അവർ പച്ചപതാക വിമാനത്താവളത്തിൽ ഉയർത്തിയത് നമ്മൾ മറന്നിട്ടില്ല. മധുര കോൺഗ്രസിൽ കഫിയ അണിഞ്ഞ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎമ്മുകാർ മതഭീകരതയ്ക്കാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

മുസ്ലിംലീഗ് വർഗീയ പ്രചരണം നടത്തുകയാണ്. വാക്സിനേഷനെതിരെ വലിയ ക്യാമ്പയിൻ മലപ്പുറത്ത് നടക്കുന്നുണ്ട്. ഒരു പുരോഗമന പ്രസ്ഥാനവും ഇതൊന്നും ചോദ്യം ചെയ്യുന്നില്ല. വീടുകളിൽ പ്രസവിക്കണമെന്ന ഫത്വ ഇറക്കുകയാണ് ചില പുരോഹിതൻമാർ. മലപ്പുറം എന്ന് പറഞ്ഞാൽ അപ്പോൾ ലീഗ് അസ്വസ്ഥമാകും. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്.

മതഭീകരവാദികളുടെ തടവറയിലാണ് കേരളത്തിലെ ഇടത്- വലത് മുന്നണികൾ. പിഎഫ്ഐ നിരോധനത്തിന് ശേഷവും പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ വിലസുകയാണ്. എൻഐഎ വന്ന് ഇത്തരക്കാരെ അറസ്റ്റ് ചെയ്യുമ്പോൾ മാത്രമാണ് കേരള പൊലീസ് ഇതെല്ലാം അറിയുന്നത്. പാലക്കാട് കോൺഗ്രസ്- സിപിഎം അക്രമത്തെ പറ്റിയുള്ള ചോദ്യത്തിന് ആർഎസ്എസ് രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയല്ല പിന്നെന്താണ് ആർഎസ്എസ് നേതാവിന്റെ പേര് ഇട്ടാൽ പ്രശ്നമുണ്ടാക്കുന്നതെന്നാ യിരുന്നു സുരേന്ദ്രന്റെ മറുപടി.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ സംഘപ്രവർത്തകരായിരുന്നു. ആർഎസ്എസ് രാജ്യത്തിന് വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന സംഘടനയാണ്. യൂത്ത് കോൺഗ്രസുകാർക്കും ഡിവൈഎഫ്ഐക്കാർക്കും തലമുതിർന്ന നേതാക്കൾ ആർഎസ്എസിനെ കുറിച്ച് പഠിപ്പിച്ച് കൊടുക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!