എംപുരാൻ വിവാദത്തിൽ നടൻമാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും പ്രതികരിക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന ഇവർ എംപുരാനിൽ മിണ്ടാതിരുന്നതിന് ഇരുവർക്കുമെതിരെ വിമർശനങ്ങളും ട്രോളുകളുമായി ആളുകൾ എത്തിയിരുന്നു. രാജ്യത്തെ മറ്റെന്തു വിഷയത്തിലും നിലപാടുകളുമായെത്തുന്നവർ ‘എംപുരാനി’ൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ചോദ്യം.
ഇപ്പോഴിതാ ഈ വിഷയത്തിൽ സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടിയും ജോയ് മാത്യുവും. “ഒന്നും പ്രതികരിക്കാതെ വായിൽ പഴം കയറ്റി ഏതോ മാളത്തിൽ ഒളിച്ചിരിക്കുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയും…അതോ രണ്ടെണ്ണവും ജീവിച്ചിരിപ്പുണ്ടോ ആർക്കറിയാം.”–ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രമെന്ന മാധ്യമ വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. ഹരീഷ് പേരടിയുടെ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ജോയ് മാത്യു പ്രതികരണവുമായെത്തിയത്. “കോട്ട് ധരിച്ചാൽ അടിയിലുള്ള കീറിയ കോണാൻ മറ്റാരും കാണില്ലെന്ന് ധരിച്ചുവെച്ചിരിക്കുന്ന ചില മാധ്യമപ്രവർത്തകരുണ്ട്. ഇതിലെ രണ്ട് പോങ്ങന്മാർ കഴിഞ്ഞദിവസം പറയുന്നത് കേട്ടു,
മുഖ്യമന്ത്രി തുമ്മിയാൽ പോസ്റ്റിടുന്ന ജോയ് മാത്യുവിന് എംപുരാൻ വിഷയത്തിൽ മിണ്ടാട്ടമില്ലെന്ന് ! മിണ്ടാതിരുന്നത് മറ്റൊന്നും കൊണ്ടല്ല മുഖ്യമന്ത്രി തൂറിയാൽ അത് കോട്ടിട്ട് മൂടിപ്പിടിക്കുന്ന ഇവരുടെയൊക്കെ കരിമണലിൽ വീണ ഈ അവസ്ഥ ആലോചിച്ചിട്ടാണ് എനിക്ക് വിഷമം.
അപ്പോഴാണ് ചങ്ങാതി ഹരീഷ് പേരടി ഈ കോണാൻ മൂടി കോട്ടുധാരികൾക്ക് വേണ്ടി ഈ പോസ്റ്റിട്ടത്. പ്രിയപ്പെട്ട കൊണാട്ട് കരക്കാരെ (കോണാൻ +കോട്ട് ) ഇനി നിങ്ങളുടെ വായിൽ വെച്ചിരിക്കുന്ന പഴം നിങ്ങളുടെ ജാതിയിൽത്തന്നെയുള്ള മാധ്യമരാമന്നുകൂടി വിഴുങ്ങാൻ കൊടുക്കുക. (പ്രധാന കോണാട്ട്കാരെ കമന്റ് ബോക്സിൽ കാണാം )”.
രണ്ടു പേരെയും രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ വരുന്നത്. ‘എംപുരാൻ’ വിവാദം വലിയ ചർച്ചയായിട്ടും ജോയ് മാത്യു അതു സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഹരീഷ് പേരടിയാകട്ടെ സർവകക്ഷിയോഗം വിളിക്കണമെന്ന് അഭ്യർഥിക്കുകയാണുണ്ടായത്.