കോട്ടയം : വഖഫ് നിയമഭേദഗതി ബില്ലിനെ കേരള എംപിമാർ അനുകൂലിക്കണമെന്ന കെസിബിസി യുടെ പ്രസ്താവന കേരള കോൺഗ്രസ് എംപിമാരായ ഫ്രാൻസിസ് ജോർജും ജോസ് കെ മാണിയും പ്രാവർത്തികമാക്കുമോയെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ.
ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണം എന്നാണ് കർദിനാൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ് മുനമ്പം സമരപ്പന്തലിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ന്യായമായ അവകാശങ്ങൾക്ക് ഒപ്പമായിരിക്കും താനും പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസും എന്നാണ് ഫ്രാൻസിസ് ജോർജ് മുനമ്പം സംരക്ഷണ സമിതിയുടെ പരിപാടിയിൽ പറഞ്ഞത്.
എന്നാൽ പിന്നീട് യുഡിഎഫ് സമ്മർദ്ദത്തെ തുടർന്ന് ഫ്രാൻസിസ് ജോർജ് നിലപാട് മാറ്റി. കർദിനാളിന്റെ ആവശ്യം ഫ്രാൻസിസ് ജോർജിനും ജോസ് കെ മാണിക്കും തെറ്റ് തിരുത്താൻ ഉള്ള അവസരമാണ്.
പിണറായി വിജയനും വി ഡി സതീശനും കണ്ണുരുട്ടുമ്പോൾ ജോസ് കെ മാണിക്കും ഫ്രാൻസിസ് ജോർജിനും കാലിടറുമോ എന്നാണ് ഇനി അറിയാനുള്ളത്. ഒരു സമൂഹത്തിൻറെ വികാരം ഉൾക്കൊണ്ടുള്ള അഭിപ്രായമാണ് ആദരണീയനായ കർദിനാൾ പ്രകടിപ്പിച്ചിട്ടുള്ളത്. ഇത് മാനിക്കാൻ ഇരു എംപിമാരും തയ്യാറാവണമെന്ന് ലിജിൻ ലാൽ ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതി ബിൽ : കെസിബിസി അധ്യക്ഷൻ്റെ അഭിപ്രായത്തെ മാനിച്ച് കേരള കോൺഗ്രസ് എംപിമാർ ഭരണഘടനാ പരമായ ഉത്തരവാദിത്വം നിറവേറ്റാൻ സന്നദ്ധരാവണം…
