ശാസ്താംകോട്ട :തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനം മരത്തിലിടിച്ച് സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്. ശാസ്താംകോട്ട പഞ്ചായത്ത് പള്ളിശ്ശേരിക്കൽ പതിനഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി തസ്നിയുടെ ഇടതു കൈയിലെ നടുവിരൽ അറ്റു.
ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പൊയ്കയിൽ കുറ്റിമുക്കിന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം. യുഡിഎഫിന്റെ സ്വീകരണപര്യടനം കടന്നുവരുന്നതിനിടെ സ്ഥാനാർത്ഥികൾ സഞ്ചരിച്ച തുറന്ന വാഹനം വഴിയരികിൽ നിന്ന മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്ഥാനാർത്ഥികൾ പിടിച്ചുനിന്ന മുകൾഭാഗം ഇളകിപ്പോയി. ഇരുമ്പ് സ്ക്വയർ പൈപ്പിന്റെ മുറിഞ്ഞ ഭാഗം തട്ടിയാണ് വിരൽ അറ്റത്ത്.
രാത്രി തന്നെ തസ്നിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തി.
