പത്തനംതിട്ട : മുതിര്‍ന്ന സിപിഎം നേതാവ് പത്മകുമാറിനെ എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
15 മിനിറ്റ് നേരമാണ് ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല. ബിജെപിയുടെ ചില മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റന്നാള്‍ ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ പത്മകുമാറിന്റെ നിലപാട് ഉണ്ടാകുക.
സിപിഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. തന്നെക്കാള്‍ ജൂനിയറായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചത്. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ലമെന്ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആള്‍ പെട്ടെന്ന് സംസ്ഥാന കമ്മിറ്റി ക്ഷണിതാവായപ്പോള്‍ ഉണ്ടായ പ്രതികരണമാണ്. സ്വാഭാവികമായി മനുഷ്യനെന്ന നിലയ്ക്കുള്ള വികാര വിചാരങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായാതാണെന്നും പത്മകുമാര്‍ പറഞ്ഞു.
രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമില്ല. പാര്‍ട്ടിയുടെ ഉപരി കമ്മിറ്റികളിലേക്ക് എടുക്കുമ്പോള്‍ സംഘടനാ ധാരണ ഉണ്ടാകണം.65ാം വയസ്സില്‍ റിട്ടയര്‍ ചെയ്യുന്നുവെന്ന് വിചാരിച്ചാല്‍ മതി. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും. പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാനും തയാറാണെന്നും പത്മകുമാര്‍ പറഞ്ഞു.