നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത്: കേസെടുത്തതിന് പിന്നാലെ യുഎഇയിലേക്ക് കടന്നു; പ്രതി എന്‍ഐഎ പിടിയില്‍

കൊച്ചി: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ മലപ്പുറം സ്വദേശി എന്‍ഐഎ പിടിയില്‍. കേസില്‍ 34-ാം പ്രതിയായ റംസാന്‍ പാറഞ്ചേരി എന്ന സാബു പുല്ലാര (40)യെ ആണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ യുഎഇയിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്കായി എന്‍ഐഎ 2020ല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

2020ല്‍ യുഎഇയില്‍ നിന്ന് നയതന്ത്ര ബാഗേജ് ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണ്ണം അയച്ച കേസിലാണ് ഇയാള്‍ പ്രതിയായത്. ഫെബ്രുവരി 20-ന് കേരളത്തിലെ വിമാനത്താവളങ്ങളിലൊന്നില്‍ അദ്ദേഹം എത്തി. 2020-ല്‍ എന്‍ഐഎ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇമിഗ്രേഷന്‍ വകുപ്പ് ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് എന്‍ഐഎ റംസാന്‍ പാറഞ്ചേരിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മാര്‍ച്ച് 1-ന് കൊച്ചി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്ര ബാഗേജ് ഉപയോഗിച്ച് യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ച സംഘത്തില്‍ റംസാന്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. യുഎഇയില്‍ ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ഇയാളുടെ അറസ്റ്റ് നിര്‍ണായകമാണ്. കൂടാതെ, പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇയിലെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും അവരുടെ ഫണ്ടിംഗിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

കേസില്‍ ഏകദേശം 35 പ്രതികളാണുള്ളത്. ഇതുവരെ 25 ഓളം പേരെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം ജൂണ്‍ 30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി, ജൂലൈ 5 നാണ് അത് തുറക്കപ്പെടുന്നത്. 2019 നവംബര്‍ മുതല്‍ 21 തവണയായി ആകെ 166 കിലോഗ്രാം സ്വര്‍ണ്ണം നയതന്ത്ര ചാനല്‍ വഴി അയച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!