ഷൊർണൂർ : പട്ടാമ്പിയില്‍ വൻ രാസലഹരി വേട്ട, രണ്ടിടത്തുനിന്നായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 160 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ച രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.
മുതുതല ഗണപതിയൻ കാവിനടുത്തുവെച്ച് കൊപ്പം മണ്ണെങ്കോട് ചങ്കുവാൻതൊടി അക്‌ബറാണ് (46) ആദ്യം പൊലീസിന്‍റെ വലയിലായത്. ഇയാളില്‍നിന്ന് 11.54 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
അക്ബറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എം.ഡി.എം.എ മൊത്തത്തില്‍ കൊണ്ടുവന്നു വിതരണം ചെയ്യുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ പട്ടാമ്ബി ഫിഷ് മാർക്കറ്റിന് സമീപം വെച്ച് മലപ്പുറം ജില്ലയിലെ അനന്താവൂർ ചന്ദനക്കാവ് ചിട്ടകത്ത് പൊറ്റമ്മേല്‍ മുഹമ്മദ് ഫാരിസ് (26), വളാഞ്ചേരി ചക്കടംകുഴിയില്‍ അൻഷിഫ് (20) എന്നിവരെ 148.15 ഗ്രാം എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തു.
ലഹരികടത്തും വില്‍പനയും തടയാൻ ‘ഓപറേഷൻ ഡി ഹണ്ട്’ എന്ന പേരില്‍ നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം പട്ടാമ്ബി പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് പരിശോധന നടത്തി വരുന്നതിനിടെയാണ് ലഹരി വില്‍പനസംഘം പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പട്ടാമ്ബി മേഖലയില്‍ കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ ലഹരി കടത്തിന് 26 കേസുകളും ലഹരി ഉപയോഗത്തിന് 255 കേസുകളും രജിസ്റ്റർ ചെയ്തതായും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഷൊർണൂർ ഡി.വൈ.എസ്.പി ആർ. മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ അംഗങ്ങളായ പട്ടാമ്ബി പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐ കെ. മണികണ്ഠൻ, പ്രൊബേഷൻ എസ്.ഐ കെ. ശ്രീരാഗ്, സീനിയർ സിവില്‍ പൊലീസ് ഓഫിസർ എസ്.പി. അരുണ്‍, സിവില്‍ പൊലീസ് ഓഫിസർ പി. ബിജുമോൻ, ഡ്രൈവർ സുനന്ദകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.