കോഴഞ്ചേരി : വിവാദങ്ങൾക്കിടെ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. നേതാവാകാനുള്ള യോഗ്യത ഇംഗ്ലീഷ് വിദ്യാഭ്യാസം അല്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. അങ്ങനെയെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട സോമനാഥിനെ നേതാവാക്കാമല്ലോയെന്നും പി ജെ കുര്യൻ ചോദിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനനേതാവാകേണ്ടത്. തരൂരിനെ പരിഗണിച്ചില്ലെന്ന പരാതി അടിസ്ഥാനരഹിതമെന്നും പി ജെ കുര്യൻ പറഞ്ഞു.
തരൂർ തിരുവനന്തപുരത്ത് ഉള്ളതിനേക്കാൾ കൂടുതൽ വിദേശത്താണ്. ആദ്യം കോൺഗ്രസിൻ്റെ മണ്ഡലം, ബ്ലോക്ക് യോഗങ്ങളിലെല്ലാം പങ്കെടുത്ത് പ്രവർത്തിക്കണം. തരൂർ പറയുന്നതിൽ ഒരടിസ്ഥാനവുമില്ല. അദ്ദേഹത്തെ വന്നയുടൻ എംപിയും മന്ത്രിയുമാക്കിയെന്നും പി ജെ കുര്യൻ കൂട്ടിച്ചേർത്തു. വ്യക്തികളുടെ അഭിപ്രായത്തിൽ കാര്യമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂർ ഇന്ത്യൻ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങൾ പുറത്തുവന്നത്. ഇത് കോൺഗ്രസിൽ വലിയ ചലനത്തിന് വഴിവെച്ചിരുന്നു. എന്നാൽ പോഡ്കാസ്റ്റ് അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ് വളച്ചൊടിച്ചെന്നായിരുന്നു ശശി തരൂരിൻറെ പ്രതികരണം.
നേതാവാകാനുള്ള യോഗ്യത ഇംഗ്ലീഷ് വിദ്യാഭ്യാസം അല്ല… അങ്ങനെയെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട സോമനാഥിനെ നേതാവാക്കാമല്ലോ?..
