ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയും. വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ.
ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബിൽ തയ്യാറാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. അന്ന് അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നാലെ ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറിയായിരിക്കെ ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകളും കൈകാര്യം ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്ര ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. ഇതിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.