ഒളിവില്‍ കഴിഞ്ഞയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടിയില്‍

കാഞ്ഞിരപ്പള്ളി: കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂവപ്പള്ളി കരോട്ട്തകടിയേല്‍ വീട്ടില്‍ ശ്രീജിത്ത് (36) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേര്‍ന്ന് 2018 ഡിസംബറില്‍ കുറുവാമുഴി പാലം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇവരെ ആക്രമിക്കുകയും, തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പിന്നീട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്.ഓ നിര്‍മ്മല്‍ ബോസ്, എസ്.ഐ രാജേഷ്, സി.പി.ഓ മാരായ ശ്രീരാജ്, പീറ്റര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!