മലയില്‍ കള്ളന്‍ ഗുഹ, പെരിയ കനാല്‍ വെള്ളച്ചാട്ടം…; മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിക്കാം, കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് എങ്ങനെ ബുക്ക് ചെയ്യാം?-

തൊടുപുഴ : മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസിന് തുടക്കമായിരിക്കുകയാണ്. യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലാണ് റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് നിര്‍മ്മിച്ചത്. കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമാണ് റോയല്‍ വ്യൂ സര്‍വീസ്.

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച രണ്ട് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമായാണ് പുതിയ ഡബിള്‍ ഡക്കര്‍ സര്‍വീസ് തുടങ്ങിയത്.

വിനോദസഞ്ചാരികള്‍ക്ക് മൂന്നാറിന്റെ നയനമനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് സര്‍വീസ്. എല്ലാ ദിവസവും മൂന്ന് റോയല്‍ വ്യൂ ട്രിപ്പുകളാണ് ഉള്ളത്. രാവിലെ ഏഴു മണി, പത്തു മണി, ഉച്ച കഴിഞ്ഞ് 3.30 എന്നിങ്ങനെയാണ് മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന സമയം. രണ്ടുമണിക്കൂര്‍ 45 മിനിറ്റ് ആണ് ഒരു ട്രിപ്പിന്റെ ദൈര്‍ഘ്യം. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം ഗ്യാപ് റോഡ്, ആനയിറങ്കല്‍, ലോക്ക് ഹാര്‍ട്ട്, മലയില്‍ കള്ളന്‍ ഗുഹ, പെരിയ കനാല്‍ വെള്ളച്ചാട്ടം തുടങ്ങി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട മൂന്നാറിലെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന തരത്തിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റില്‍ മൂന്നാര്‍ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ എന്ന് സെര്‍ച്ച് ചെയ്ത് സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മുകള്‍ നിലയില്‍ ഒരാള്‍ക്ക് 400 രൂപയും താഴത്തെ നിലയില്‍ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുകള്‍ നിലയില്‍ 38 സീറ്റും താഴത്തെ നിലയില്‍ 12 സീറ്റുകളുമാണ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895086324, 9446525773 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!