എതിർഗ്യാങ്ങുമായി കൂട്ടുകൂടി..യുവാവിന്റെ നട്ടെല്ലിൽ ബിയർകുപ്പികൊണ്ട് മർദ്ദനം…മുറിവുകളിൽ മുളകുപൊടി തേച്ചു…

തിരുവനന്തപുരം : തിരുവല്ലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്ന സംഭവത്തിൽ പ്രതികളെല്ലാം അറസ്റ്റിൽ. മലയിൻകീഴ് പൊട്ടൻകാവ് സ്വദേശികളും സുഹൃത്തുക്കളുമായ അഖിൽ മോഹൻ (26), തൗഫീക്ക് (28) എന്നിവരെയാണ് തിരുവല്ലം പൊലീസ് ഒടുവിലായി പിടികൂടിയത്. സംഭവത്തിന് പിന്നാലെ ബെംഗളുരുവിലേക്ക് കടന്ന അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം ഫാം ഹൗസിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഖിൽ, തൗഫീഖ് എന്നിവർ തിരുവനന്തപുരത്ത് തന്നെ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പൊക്കിയത്. ബെംഗളുരുവിൽ നിന്ന് അറസ്റ്റിലായ വണ്ടിത്തടം പാലപ്പൂര് സ്വദേശി മനുകുമാർ(31), അട്ടക്കുളങ്ങര കരിമഠം സ്വദേശി ധനുഷ്(20), അമ്പലത്തറ സ്വദേശി രോഹിത്(29), മലയിൻകീഴ് സ്വദേശി നിതിൻ(25), പൂന്തുറ സ്വദേശി റഫീക്(29) എന്നിവരടക്കം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഓരോരുത്തരേയും പ്രത്യേകം ചോദ്യം ചെയ്താലേ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണമായി ലഭിക്കൂ എന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.

തിരുവല്ലം സ്വദേശിയായ ആഷിക്കിനെ കഴിഞ്ഞ ഞായറാഴ്ചയാണ് പ്രതികൾ  തട്ടിക്കൊണ്ടുപോയത്. പ്രതികളും ആഷിക്കും സുഹൃത്തുക്കളാണ്. എതിർചേരിയിലുള്ളവരുമായി ആഷിക് അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ ഞായറാഴ്‌ച വൈകീട്ട് നാലോടെ വണ്ടിത്തടം ഭാഗത്ത് നിന്നും കാറില്‍ കയറ്റികൊണ്ടുപോയി കാട്ടക്കടയ്ക്ക് സമീപം എത്തിച്ച്  ആഷിക്കിനെ ഏഴംഗസംഘം ക്രൂരമായി മര്‍ദിച്ചത്. ബിയര്‍  ബോട്ടിൽകൊണ്ട് യുവാവിന്റെ  നട്ടെല്ലിൽ അടിച്ച് പരിക്കേൽപ്പിച്ചെന്നും തലയിലും മുഖത്തും അടിയേറ്റുണ്ടായ മുറിവുകളിൽ സംഘം മുളകുപൊടി തേച്ചു പിടിപ്പിച്ചെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!