യൂറോപ്പിലേയ്ക്ക് ടൂര്‍ പാക്കേജില്‍ വിനോദ യാത്ര, മാധ്യമങ്ങളില്‍ പരസ്യം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയില്‍

തൃശൂര്‍: ടൂര്‍ പാക്കേജില്‍ യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്‍കി ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ചാര്‍ളി വര്‍ഗീസ്(51) പിടിയില്‍. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ചാര്‍ളി വര്‍ഗീസ്.

മാധ്യമങ്ങളില്‍ ടൂര്‍ പാക്കേജിന്റെ പരസ്യം കണ്ട് ബന്ധപ്പെട്ട കൊടുങ്ങല്ലൂര്‍ മേത്തല എലിശ്ശേരിപ്പാറ സ്വദേശികളായ അശോകന്‍ (71 വയസ്സ് ), കൂട്ടുകാരായ വിജയന്‍, രങ്കന്‍ എന്നിവരാണ് തട്ടിപ്പിനിരകളായത്. ചാര്‍ളി ആവശ്യപ്പെട്ട പ്രകാരം ഇവര്‍ വിനോദയാത്രക്കായി 9 ലക്ഷം രൂപയോളം നല്‍കി. പിന്നീട് ഇയാള്‍ ഇവരെ കബളിപ്പിച്ച് തന്ത്രപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. തങ്ങള്‍ തട്ടിപ്പിനിരകളായതായി സംശയം തോന്നിയ ഇവര്‍ വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് അശോകന്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ചാര്‍ളി തട്ടിപ്പിനു ശേഷം പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു. അന്വേഷണത്തില്‍ തൃശ്ശൂര്‍ റൂറല്‍ മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതി അറസ്റ്റിലാവുന്നത്.

സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ചാര്‍ളിക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ കേസ്നിലവിലുണ്ട്. തൃശ്ശൂര്‍ റൂറല്‍ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം കൊടുങ്ങല്ലൂര്‍ എസ്എച്ച്ഒ ബി കെ അരുണ്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ്ബ് ഇന്‍സ്‌പെക്ടര്‍ സാലിം കെ, സജില്‍ , എഎസ്‌ഐ ഷഫീര്‍ ബാബു , പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ് എന്നിവരാണ് അന്വേഷണത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!