തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. ഇതിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു.
അതേസമയം ഡയസ്നോൺ പ്രഖ്യാപിച്ചു പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡന്റ് എം വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വിഎസ് ശിവകുമാർ എന്നിവർ അറിയിച്ചു.
സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് മാനേജ്മെന്റ് നിർദേശിച്ചു. കന്റീനുകൾ പ്രവർത്തിക്കണം. വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കും. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനും നിർദേശിച്ചിട്ടുണ്ട്.