തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാർ ഗവർണറുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. രാജേന്ദ്ര വിശ്വനാഥ് ആർലൈകർ ആണ് പുതിയ കേരള ഗവർണർ. രാഷ്ട്രപതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
അടുത്ത വർഷം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. ഇതിന് മുന്നോടി ആയിട്ടാണ് ഗവർണർമാരുടെ ഈ വെച്ചുമാറ്റം. കേരള ഗവർണറായുള്ള ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി പൂർത്തിയായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകുകയായിരുന്നു. അതുകൊണ്ട് തന്നെ മാറ്റം പ്രതീക്ഷിച്ചിരുന്നു.
നേരത്തെ അദ്ദേഹത്തെ പല പദവികളിലേക്കും മാറ്റാനുള്ള ആലോചന ഉണ്ടായിരുന്നു. എന്നാൽ ഗവർണർ പദവി തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു.
നേരത്തെ ഗോവയിലെ ക്യാബിനറ്റ് മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്നു ആർലൈകർ. ഹിമാചൽ പ്രദേശിന്റെ ഗവർണർ ആയും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. അതേസമയം മുൻ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയെ മണിപ്പൂർ ഗവർണറായും നിയമിച്ചിട്ടുണ്ട്.