അതിരപ്പള്ളിയിലെ ആദിവാസി യുവാവിന്റെ മരണം… പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്…

തൃശൂർ : അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് സതീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആക്രമണത്തിൽ സതീഷിന്റെ വാരിയെല്ലുകൾ തകർന്നു.ഒടിഞ്ഞ വാരിയെല്ലുകൾ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറി. രക്തം വാർന്നാണ് സതീഷിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. രക്തം ശ്വാസകോശത്തിലും മറ്റ് ശരീരഭാഗങ്ങളിലും കട്ടപിടിച്ചു എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരണപ്പെട്ടത്. അതിരപ്പിള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

കഴിഞ്ഞ മൂന്ന് ദിവസമായി വനത്തിനകത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ കുടിൽ കെട്ടി തങ്ങിയവർക്കാണ് ദുരനുഭവം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് കാട്ടാന ആക്രമണം നടന്നത്. ആനക്കൂട്ടത്തെ കണ്ടപ്പോൾ ഇവർ ചിന്നിച്ചിതറി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വാഴക്കാട് ഡിഎഫ് ഒ ലക്ഷ്മി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!