‘വില കുറച്ച് കിട്ടിയാൽ എന്തും ഉടുക്കും; കഷ്ടമാണ് മലയാളികളുടെ ഫാഷൻ സെൻസ്’: ബീന കണ്ണൻ

കൊച്ചി: മലയാളികളുടെ ഫാഷൻ സെൻസ് വളരെ കഷ്ടമാണെന്ന് ശീമാട്ടിയുടെ ഉടമ ബീന കണ്ണൻ. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കവേയാണ് മലയാളികളുടെ ഫാഷൻ രീതികളേക്കുറിച്ച് ബീന കണ്ണൻ പറഞ്ഞത്. “ഓരോ സംസ്ഥാനത്തും ഓരോ ജില്ലയിലും വ്യത്യാസങ്ങൾ കാണാൻ കഴിയും. പഴയ കാലത്തേക്കുറിച്ച് പറയുകയാണെങ്കിൽ ഡൽഹിയിലൊക്കെ നിറയെ സ്റ്റോറുകൾ ഉണ്ടായിരുന്നു.

പണ്ടൊക്കെ ഞാൻ പെൺകുട്ടികൾ എന്തൊക്കെയാണ് ധരിക്കുന്നത് എന്നൊക്കെ നോക്കുമായിരുന്നു. ഇപ്പോൾ ഞാനത് നിർത്തി. കാരണം ഇപ്പോൾ നോക്കാൻ ഒന്നുമില്ല. എല്ലാവരും ഒരുപോലെയാണ്. പുതിയ സ്റ്റൈലുകളെ തുടക്കത്തിൽ എതിർക്കുന്നവരായിരിക്കും മലയാളികൾ.

പക്ഷേ ഒരിക്കൽ അവ സ്വീകരിച്ചു കഴിഞ്ഞാൽ അവർ പിന്നെ അതിൽ തന്നെ ചേർന്ന് നിൽക്കും. വളരെ അപൂർവമായി മാത്രമേ മലയാളികളുടെ ഫാഷൻ മുൻഗണനകളിൽ മാറ്റങ്ങൾ സംഭവിക്കാറുള്ളൂ, ഏകദേശം നാലോ അഞ്ചോ വർഷത്തിലൊരിക്കൽ.”- ബീന കണ്ണൻ പറഞ്ഞു.

“കസ്റ്റമേഴ്സിന്റെ ആവശ്യങ്ങൾക്കാണ്  ഞാനിപ്പോൾ മുൻഗണന നൽകുന്നത്. പണ്ട് അങ്ങനെയല്ലായിരുന്നു. കേരളം ഒന്ന് മാറണം, യൂണിവേഴ്സൽ ആകണമെന്നൊക്കെ ചിന്തിച്ചിരുന്നു. അതിനായി പുതിയ ഡിസൈനുകളൊക്കെ പരീക്ഷിച്ചു നോക്കിയെങ്കിലും മലയാളികൾ മാറാൻ മടിക്കുന്നവരാണെന്ന് പെട്ടെന്ന് മനസിലായി. ഒരു മല പിടിച്ച് കുലുക്കുന്ന പോലെയാണ് അത്, അനങ്ങില്ല. മലയാളികളുടെ ടേസ്റ്റ് അങ്ങനെയാണ്.

ഒരു മുപ്പത് കൊല്ലം മുൻപേ   ഞാൻ ആ പരിപാടി നിർത്തി. നിങ്ങൾക്ക് എന്താണോ വേണ്ടത് അത് എടുത്തോ. ചോദ്യവും ഉത്തരവും ഒന്നുമില്ല, അത്രയേ പറ്റൂ. മലയാളിക്ക് എന്തും ഉടുക്കാം, ഏതും ഉടുക്കാം. വില കുറച്ച് കിട്ടണം എന്ന രീതിയാണ്”.- ബീന കണ്ണൻ പറഞ്ഞു.

“മലയാളികളെ തൃപ്തിപ്പെടുത്തുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെങ്കിലും  അവരുടെ മനസിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ഞങ്ങൾക്കുണ്ട്. അതിനനുസരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. പെണ്ണുങ്ങളേ തൃപ്തിപ്പെടുത്തി ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ആണുങ്ങളേപ്പോലെയല്ല. നാല് ഷർട്ട് എടുത്ത് കാണിച്ചാൽ ഒരു ഷർട്ട് എടുത്തിട്ട് അവർ പോകും. നാലര മിനിറ്റ് കൊണ്ട് അവരുടെ കാര്യം കഴിയും.

ആണുങ്ങൾ അഞ്ച് മിനിറ്റ് കൊണ്ട് വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ പെണ്ണുങ്ങൾ അഞ്ച് മണിക്കൂറാണ് വസ്ത്രം സെലക്ട് ചെയ്യാൻ സമയം എടുക്കുന്നത്. ഇങ്ങനെ പെണ്ണുങ്ങളേ തൃപ്തിപ്പെടുത്തി വരുമ്പോൾ നമ്മളും സ്വയം വളരും. ഇവർക്ക് എന്താണ് വേണ്ടത്, എങ്ങനെ കൊടുക്കണം, ആവശ്യങ്ങൾ എന്തൊക്കെയാണ് ഇതെല്ലാം നോക്കണം.

ഫെമിനിസം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പശ്ചാത്തലമോ സ്വത്വമോ ഒന്നും നോക്കാതെ, എല്ലാവരെയും അത് ആരായാലും ബഹുമാനിക്കുക എന്നതാണ് എന്റെ സമീപനം”.- ബീന കണ്ണൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!