ന്യൂഡല്‍ഹി: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയില്‍ അറസ്റ്റിലായ ലഷ്കർ ഭീകരനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സല്‍മാൻ റഹ്മാൻ ഖാനെ ഇന്ത്യയിലേക്ക് മാറ്റിയത്.
പ്രത്യേക സുരക്ഷ സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടി.
നിരോധിത ഭീകര സംഘടനയായ ലഷ്കർ- ഇ-തൊയ്ബയുടെ ദക്ഷിണേന്ത്യൻ കമാൻഡറായിരുന്ന തടിയന്റവിട നസീറിന്റെ അടുത്ത കൂട്ടാളിയാണ് സല്‍മാൻ. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് നടന്ന ഭീകരവാദ ഗൂഢാലോചന കേസില്‍ നസീറിനൊപ്പം ഇയാളും ഉള്‍പ്പെട്ടിരുന്നു.
പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടാണ് സല്‍മാൻ ബംഗളൂരു ജയിലില്‍ എത്തുന്നത്. അവിടെ വെച്ചാണ് തടിയന്റെവിട നസീറിനെ പരിചയപ്പെടുന്നത്. തുടർന്ന് ജയില്‍ കേന്ദ്രീകരിച്ച് നടന്ന് സ്ഫോടന ഗൂഢാലോചനയില്‍ ഇയാളും പങ്കാളിയായി. കോടതിയില്‍ ഹാജരാക്കുമ്ബോള്‍ രക്ഷാപ്പെടാനുള്ള പദ്ധതിയും ഇരുവരും ആസൂത്രണം ചെയ്യുന്നു.
റുവാണ്ട ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (ആർഐബി), ഇൻ്റർപോള്‍, നാഷണല്‍ സെൻട്രല്‍ ബ്യൂറോ (എൻസിബി) എന്നിവയുടെ സഹകരണത്തോടെ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ വച്ചാണ് സല്‍മാനെ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട യുവാക്കള്‍ക്ക് സ്‌ഫോടക വസ്തുകള്‍ എത്തിച്ചതില്‍ സല്‍മാന്റെ പങ്ക് ഏജൻസി കണ്ടെത്തിയിരുന്നു. 2023 ജൂണില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട അഞ്ച് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ജയിലില്‍ വെച്ച് തീവ്രവാദത്തിലേക്ക് ആകർഷിച്ചത് നസീർ ആണെന്നാണ് ഇവർ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍ കേന്ദ്രീകരിച്ച് രൂപപ്പെട്ട ഭീകര മൊഡ്യൂളിനെ കുറിച്ച് അന്വേഷണ ഏജൻസികള്‍ക്ക് വിവരം ലഭിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ 25 നാണ് ബംഗളൂരു പൊലീസില്‍ നിന്ന് എൻഐഎ കേസ് ഏറ്റെടുത്തത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സല്‍മാനെതിരെ യുഎപിഎ, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനാണ് എൻഐഎയുടെ ആവശ്യപ്രകാരം ഇൻ്റർപോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്.
ആഫ്രിക്കയില്‍ പോയി ലഷ്കര്‍ ഭീകരനെ ഇന്ത്യ പൊക്കി; തടിയന്റെവിട നസീറിന്റെ കൂട്ടാളിയെ കൊണ്ടുവന്നത് ഇന്ന് പുലര്‍ച്ചെ
