ന്യൂഡല്‍ഹി: ഇന്നലെ കൂപ്പുകുത്തിയായ ഓഹരിവിപണി ഇന്ന് തിരിച്ചുകയറി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ആയിരത്തോളം പോയിന്റ് നേട്ടത്തോടെ 73000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 22,000 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.
ഇന്നലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ നിന്ന് വ്യത്യസ്തമായ തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് സെന്‍സെക്‌സ് 4,389 പോയിന്റാണ് താഴ്ന്നത്. 5.74 ശതമാനത്തിന്റെ തകര്‍ച്ചയോടെ രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സെന്‍സെക്‌സ് എത്തി. വ്യാപാരത്തിനിടെ ആറായിരം പോയിന്റ് താഴ്ന്ന ശേഷമാണ് രണ്ടായിരം പോയിന്റ് തിരികെ പിടിച്ചത്. ഇന്നലെ നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 1379 പോയിന്റാണ് താഴ്ന്നത്. ഓഹരികളുടെ മൂല്യത്തില്‍ വലിയ തോതില്‍ ഇടിവ് ഉണ്ടായത് അവസരമായി കണ്ട് ഓഹരികള്‍ വാങ്ങി കൂട്ടിയതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്. എസ്ബിഐ, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.