കളമശേരിയിൽ ബുള്ളറ്റ് ടാങ്കർ മറിഞ്ഞു; ആറ് മണിക്കൂറോളം നീണ്ട ആശങ്ക, വാതക ചോർച്ച പരിഹരിച്ചെന്ന് അധികൃതർ…

കൊച്ചി : കളമശേരിയിൽ അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തി. വാതക ചോർച്ചയിൽ ആശങ്ക വേണ്ടെന്ന് പൊലീസ് അറിയിച്ചു. നേരിയ രീതിയിലുണ്ടായ വാതകച്ചോർച്ച ആശങ്ക സൃഷ്ടിച്ചെങ്കിലും ആറു മണിക്കൂറെടുത്ത് അത് പരിഹരിക്കുകയായിരുന്നു. വാഹനം ഉയർത്തുന്നതിനിടയിലാണ് ഇന്ധനം ചോർന്നത്. ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറിന്‍റെ ചോർച്ച അടക്കാനായത്.

ബുധനാഴ്ച രാത്രി ഇരുമ്പനത്തു നിന്നു വരുകയായിരുന്ന ബുള്ളറ്റ് ടാങ്കർ കളമശേരി ടിവിഎസ് ജംഗ്ഷനിൽ വച്ച് മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മേഖലയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

അപായ സാധ്യത കണക്കിലെടുത്ത് പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ലോറി ഉയർത്തി ഗതാഗതം പുനഃസ്ഥാപിച്ചു. 18 ടൺ പ്രൊപിലീൻ ഗ്യാസാണ് ലോറിയിൽ ഉണ്ടായിരുന്നത്. ബിപിസിഎല്ലിൽ നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷം ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!