പാലക്കാട് : ചിറ്റൂരിൽ വീണ്ടും വൻ സ്പിരിറ്റ് വേട്ട. ചിറ്റൂർ കുന്നംപിടാരി ഡാമിന് സമീപം ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 670 ലിറ്റർ സ്പിരിറ്റ് ആണ് എക്സൈസ് കണ്ടെടുത്തത്. 35 ലിറ്റർ കൊള്ളുന്ന 21 പ്ലാസ്റ്റിക് കന്നാസുകളിലായാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്.
ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.രജനീഷിൻറെ നേതൃത്വത്തിൽ കെമു പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഡാമിന് സമീപം ഒളിപ്പിച്ച് വച്ച സ്പിരറ്റ് ശേഖരം കണ്ടെത്തിയത്. പ്രതിയ്ക്കായുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചു.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രദേശത്ത് എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും ചിറ്റൂരിൽ തെങ്ങിൻതോപ്പിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടികൂടിയിരുന്നു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പിലുള്ള കെട്ടിടത്തിലാണ് 39 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 1326 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. സംഭവത്തിൽ ചിറ്റൂർ സ്വദേശിയായ മുരളി (50) ആണ് അറസ്റ്റിലായത്.