കോട്ടയം: കേരളത്തിലേക്ക് പുതിയ വികസന പദ്ധതികൾ വരാനിരിക്കുകയാണെന്നും അതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ. കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടവും, പുതിയ ടിക്കറ്റ് ബുക്കിംഗ് ഓഫീസും എസ്‌കലേറ്ററും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല തീർത്ഥാടകർക്ക് ഏറെ ഗുണകരമാകുന്ന പദ്ധതികളാണ് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളും, റെയിൽവേ ക്രോസിന് പകരം മേൽപ്പാലങ്ങളും വൈകാതെ യാഥാർഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി പ്രധാനമന്ത്രി ആയശേഷം റെയിൽവേയിൽ അഭൂതപൂർവമായ വികസനമാണ് നടക്കുന്നത്. കോട്ടയത്ത് ശബരിമല തീർഥാടകരുടെ തിരക്കു കൂടി കണക്കിലെടുത്താണ് രണ്ടാം കവാടം സജ്ജമാക്കുന്നത്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് ഉത്സവകാലം ആരംഭിക്കും മുമ്പുതന്നെ കവാടം തുറക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എംപിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, റെയിൽവേ ഡിവിഷിണൽ മാനേജർഡോ. മനീഷ് തപൽയാൽ, സ്‌റ്റേഷൻ മാനേജർ പി. വി. വിജയകുമാർ, ഇലക്ട്രിക്കൽ എഞ്ചിനീയർകെ. എൻ. ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.
