തിരുവനന്തപുരം /ചങ്ങനാശ്ശേരി : ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രി 10 മണിയോടെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഇദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചു ചോദ്യം ചെയ്യുകയാണ്. നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരാരിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
ദ്വാരപാലക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ മുരാരി ബാബു പ്രതിയാണ്. നിലവില്‍ ഇദ്ദേഹത്തെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
വിവിധ ക്ഷേത്രോത്സവങ്ങളിൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടും മുരാരി ബാബുവിനെതിരെ ആക്ഷേപമുണ്ട്. ആനയെ എഴുന്നള്ളിക്കാന്‍ സ്‌പോണ്‍സര്‍മാരില്‍നിന്ന് വലിയ ഏക്കത്തുക വാങ്ങിയെന്നാണ് ആക്ഷേപം. പക്ഷേ, ഉടമകള്‍ക്ക് നാമമാത്രമായ തുകയേ കൊടുത്തുള്ളൂ എന്നാണ് റിപ്പോർട്ട്.
ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണം നടത്തിവരുന്ന എസ്ഐറ്റി നടപടികൾ കടുപ്പിക്കുകയാണ്.
