നാഗ്പൂർ : രാജ്യത്തെയാകെ മുൾമുനയില്‍ നിര്‍ത്തിയ വ്യാജ ബോംബ് ഭീഷണികൾ അയച്ച യുവാവ് അറസ്റ്റില്‍. നാഗ്പൂര്‍ സ്വദേശിയായ ജഗദീഷ് യുകെയെ (35) ആണ് പിടിയിലായത്.
വിമാനക്കമ്പനികൾക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും കോളുകളിലൂടെയും ഇമെയിലുകളിലൂടെയും നൂറിലധികം വ്യാജ ബോംബ് ഭീഷണികളാണ് ജഗദീഷ് അയച്ചത്.
ഗോണ്ടിയ സ്വദേശിയായ ജഗദീഷിനെ നാഗ്പുരില്‍ നിന്നാണ് അറസ്റ്റിലായത്. ദില്ലിയിൽ നിന്നാണ് ജഗദീഷ് എത്തിയത്. സമാനമായ കേസില്‍ ഇയാൾ 2021ല്‍ അറസ്റ്റിലായിരുന്നു. തീവ്രവാദത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയയാളാണ് ജഗദീഷ്. ഈ പുസ്തകം ആമസോണില്‍ ലഭ്യമാണ്. ഭീഷണി സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഭീകരതയുമായി ജഗദീഷിന് ബന്ധമൊന്നും ഇല്ലെന്നും ശ്രദ്ധ പിടിച്ചുപറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ജനുവരി മുതൽ വിവിധ സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി ഇ – മെയിലുകൾ ജഗദീഷ് അയച്ചിരുന്നു. നടക്കാൻ പോകുന്ന സ്ഫോടനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നു സന്ദേശങ്ങളില്‍.