ഇടുക്കിയിൽ തുടങ്ങനാട് പാണ്ടൻകല്ലിൽ പുലിയെ കണ്ടതായി നാട്ടുകാർ

മുട്ടം(ഇടുക്കി) : തുടങ്ങനാട് പാണ്ടൻകല്ല് ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ. തുടങ്ങനാട് സ്വദേശി പാറശ്ശേരിൽ ബിൻസി ഷാജിയും അതുവഴി ബൈക്കിൽ വന്ന രണ്ട് പേരുമാണ് പുലിയെ കണ്ടതായി പറയുന്നത്.

ഇന്നലെ രാവിലെ ബിൻസി കൃഷിയിടത്തിലേക്ക് പോകും വഴിയാണ് പുലിയെ കണ്ടതായി പറയുന്നത്. റോഡ് മറികടന്ന് സമീപത്തെ തോട്ടത്തിലേക്ക് പോകുകയായിരുന്നു പുലി. നായയേക്കാൾ ഉയരവും നീളവും ഉള്ളതായി ബിൻസി പറഞ്ഞു.

സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. മൃഗങ്ങെളെ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചാലോ  വീണ്ടും പുലി സാന്നിധ്യം  കണ്ടാലോ വനം വകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു. പുലി സാന്നിധ്യം തിരിച്ചറിഞ്ഞാൽ കാമറ സ്ഥാപിക്കുകയും ശേഷം കൂട് സ്ഥാപിക്കുകയും ചെയ്യുമെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.

മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളുടെ അതിർത്തിയായ ഇല്ലിചാരിയിൽ കഴിഞ്ഞ ഏപ്രിൽ 21ന്  പുലിയെ കണ്ടതോടെയാണ് നാട്ടുകാരിൽ ഭീതി പരന്നത്. ശേഷം പല സ്ഥലങ്ങളിലായി പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ഇല്ലിചാരിയിൽ  മാത്രമാണ് പുലി സാന്നിധ്യം  സ്ഥിരീകരിക്കാൻ കഴിഞ്ഞത്. വനം വകുപ്പ് സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. അതിന് ശേഷം മാസങ്ങളോളം പുലിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. പിന്നീട് ഇന്നലെയാണ് വീണ്ടും  പുലിയെ കണ്ടതായി നാട്ടുകാർ  പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!