തിരുവനന്തപുരം: കേസ് വിചാരണക്ക് കോടതിയില്‍ എത്താതിരുന്ന സി.ഐ അടക്കമുളള നാല് പോലീസ് ഉദ്യോഗസ്ഥരെയും പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറെയും ഹാജരാക്കാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.
പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവളളികോണം സ്വദേശിനി വിനീത കൊലക്കേസിലെ വിചാരണക്ക് എത്താതിരുന്ന തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരെയും ഡോക്ടറെയും ഹാജരാക്കാനാണ് കേരള ഡി.ജി.പിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് തമിഴ്നാട് ഡി.ജി.പിക്കും ഇ-മെയില്‍ മുഖേന കോടതി കൈമാറി. ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനന്റേതാണ് ഉത്തരവ്.
തമിഴ്നാട് ക്രൈം ബ്രാഞ്ച് സി.ഐ മാരായ എം. പിറൈചന്ദ്രന്‍, എന്‍. പാര്‍വ്വതി, കന്യാകുമാരി ആരുള്‍വായ്മൊഴി എസ്.ഐ മാരായ പി. നീതിരാജ്, എന്‍. ശിവകുമാര്‍, ഫോറന്‍സിക് സര്‍ജ്ജന്‍ ഡോ.ആര്‍. രാജമുരുകന്‍ എന്നിവരായിരുന്നു കേസിലെ സാക്ഷികള്‍. വിനീത കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് കേസിലെ പ്രതിയും കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശിയുമായ രാജേന്ദ്രന്‍ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു. വെളളമഠം സ്വദേശികളായ കസ്റ്റംസ് ഓഫീസര്‍ സുബ്ബയ്യ, ഭാര്യ വാസന്തി, മകള്‍ 13 കാരി അഭിശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്.