483 ദിവസത്തെ വിസ്താരം; കേരളം ഉറ്റുനോക്കുന്ന കേസിൽ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തി നൊടുവില്‍ ഇന്ന് അന്തിമവിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധിപറയുന്നത്. രാവിലെ 11 ന് കോടതി നടപടികള്‍ ആരംഭിക്കും.

കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേല്‍ക്കോടതികളില്‍ നല്‍കിയ ഉപഹര്‍ജികളും അപ്പീലും വിചാരണ നീണ്ടുപോകാന്‍ കാരണമായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വിചാരണ നിര്‍ത്തിവച്ചാണു തുടരന്വേഷണം നടത്തിയത്.

2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുംചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവര്‍ഷം ജൂലായില്‍ നടന്‍ ദിലീപിനെയും അറസ്റ്റുചെയ്തു.

10 പ്രതികള്‍

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്,
സനില്‍കുമാര്‍, ശരത് ജി. നായര്‍.

261 സാക്ഷികള്‍, 483 ദിവസം വിസ്താരം

പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.

ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവു നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ വാഹനത്തില്‍ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു എന്നാണു കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!