കൊച്ചി : ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ക്ഷേത്രങ്ങളിൽ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയത്. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്‌ലക്സ് ബോര്‍ഡ് വച്ചു. ഇതിനെതിരെയാണ് ഹൈക്കോടതി രംഗത്ത് വന്നത്. ക്ഷേത്രത്തിന് പുറത്താണ് ഇത്തരം ബോര്‍ഡുകള്‍ വയ്ക്കേണ്ടത്. അകത്തല്ല ബോര്‍ഡ് വയ്ക്കേണ്ടതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഇടത് യൂണിയന്‍ ഭാരവാഹികള്‍ ഫ്ളക്സുകള്‍ സ്ഥാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡുകളാണ് സ്ഥാപിച്ചത്. തിരുവിതാംകൂര്‍ സബ് ഓഫീസര്‍മാര്‍ക്കും ഫ്ളക്സ് ബോര്‍ഡുകളുടെ മാതൃക വിതരണം ചെയ്തിരുന്നു. സംഭവത്തില്‍ ഹിന്ദു സംഘടനകള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കോടതി നിര്‍ദേശത്തെ മാനിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നും ആക്ഷേപമെത്തി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ ഫ്‌ളക്സ് ബോര്‍ഡുകളാണ് വിവിധ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ സ്ഥാപിച്ചത്. ദേവസ്വം ബോര്‍ഡില്‍ എന്തെങ്കിലും യോഗം നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. ഇത്തരം സാധനങ്ങള്‍ ക്ഷേത്രപരിസരത്തിനുള്ളില്‍ വയ്ക്കാനുള്ളതല്ലെന്ന് ഓര്‍മ്മ വേണമെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ ഓര്‍മ്മിപ്പിച്ചു. റോഡിന്റെ സൈഡില്‍ കാണുന്നത് പോലെയാണ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്. ഇതൊക്കെ ക്ഷേത്രത്തിന് പുറത്തായി കൊള്ളണമെന്നും കോടതി ദേവസ്വം ബോര്‍ഡിന് താക്കീത് നല്‍കി.
ക്ഷേത്രത്തിനകത്ത് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഹൈക്കോടതി കടുത്ത നിലപാടും സ്വീകരിച്ചു. ഫ്‌ലക്‌സ് ബോര്‍ഡ് ദേവസ്വം ബോര്‍ഡിന്റേതോ ആരുടേതോ ആയിക്കോട്ടെ ക്ഷേത്രത്തിനകത്തല്ല അവ സ്ഥാപിക്കേണ്ടതെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.