ന്യൂഡൽഹി: നവരാത്രിയോടനുബന്ധിച്ച് താൻ രചിച്ച ഗർബ ഗാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർഗ ദേവിയ്ക്ക് സമർപ്പണമായാണ് പ്രധാനമന്ത്രി ഗാനം രചിച്ചത്. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവച്ചത്. പ്രശസ്ത ഗായിക പൂർവ മന്ത്രിയാണ് ഈണം നൽകിയിരിക്കുന്നത്. ‘ഇത് നവരാത്രിയുടെ ശുഭകരമായ സമയമാണ്, ആളുകൾ ദുർഗ മാതാവിനോടുള്ള ഭക്തിയാൽ ഒന്നിച്ച് വ്യത്യസ്ത രീതികളിൽ ആഘോഷിക്കുന്നു.
ഭക്തിയുടെയും ആനന്ദത്തിന്റെയും വേളയിൽ ഞാൻ രചിച്ച ‘ആവതി കലായ്’ എന്ന ഗർബ ഗാനം ഇതാ, ദേവിയുടെ ശക്തിക്കും കൃപയ്‌ക്കും മുന്നിൽ സമർപ്പിക്കുന്നു. ദേവിയുടെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മിൽ നിലനിൽക്കട്ടെ’- ഗാനം പങ്കുവച്ച് മോദി എക്സിൽ കുറിച്ചു. തന്റെ ഗർബ ഗാനം ആലപിച്ചതിന് ഗായിക പൂർവ മന്ത്രിയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ട് പ്രധാനമന്ത്രി.