തിരുവനന്തപുരം: മലപ്പുറം വിഷയം നാളെ വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഡോ. കെ ടി ജലീല്‍ എംഎല്‍എ. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ചക്കെടുക്കാൻ മുഖ്യമന്ത്രി സമ്മതിച്ചത് യുഡിഎഫിന് ഇടിത്തീയായി. കള്ളി പൊളിയുമെന്ന് വന്നപ്പോൾ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാലും ചുരുട്ടി ഓടിയെന്നും ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പത്തുവർഷമായി ജില്ലയിൽ പിടികൂടിയ സ്വർണ്ണവും ഹവാല പണവും എത്രയെന്നും അതിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തെ തേച്ചൊട്ടിക്കാനുള്ള അവസരമാണ് തനിക്ക് നഷ്ടമായത്. യുഡിഎഫ് നേതാക്കളുടെ സ്വർണ്ണക്കടത്തും ഹവാല ബന്ധവും തുറന്നുകാട്ടപ്പെടുമായിരുന്ന ഇന്നത്തെ “സഭാപൂരം” കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതണ്ട. ഇതേ പ്രമേയം നാളെ അടിയന്തര പ്രമേയമായി കൊണ്ടുവരാനും ചർച്ച ചെയ്യാനും പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും ജലീല്‍ ചോദിച്ചു.
