തിരുവനന്തപുരം: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ആവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിനു നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്താനാണ് നിർദ്ദേശം. നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്.
കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാമെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ചിരുന്നു. ഇ മെയിൽ വഴിയാണ് സിദ്ദിഖ് ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചത്. പിന്നാലെയാണ് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്.
കഴിഞ്ഞ രണ്ടാം തീയതിയാണ് അന്വേഷ സംഘത്തിന് സിദ്ദിഖ് ഇമെയിൽ അയച്ചത്. കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘവുമായി സഹകരിക്കാൻ തയ്യാറാണെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും സിദ്ദിഖ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ പകർപ്പും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.