തൃശൂർ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ധാരണയായി

തൃശൂർ : തൃശൂർ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ധാരണയായി. റെയില്‍വേ സ്റ്റേഷന്‍ വികസനപദ്ധതി മുന്‍പ് അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയില്‍ തീരുമാനമായിരുന്നില്ല.

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ക്കൂടി ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനം. ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തത് .

ആരാധനാലയങ്ങളുടെ നാടുകൂടിയായ തൃശ്ശൂരില്‍ പൈതൃകവും ആധുനികതയും സംയോജിക്കുന്ന വിധത്തിലുള്ള സ്റ്റേഷന്‍ കെട്ടിടമാണ് നിർമ്മിക്കുക. മൊത്തം 390.53 കോടി രൂപ ചെലവഴിക്കുന്നതാണ് പദ്ധതി. രാജ്യത്ത് മറ്റുപല നഗരങ്ങളിലും വിമാനത്താവളങ്ങള്‍ക്ക് സമാനമായി നിര്‍മിച്ച സ്റ്റേഷനുകളുടെ മാതൃകതന്നെയാണ് ഇവിടെയും പിന്തുടരുക.

വരാനും പോകാനും വ്യത്യസ്ത കവാടങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്
മൊത്തം മൂന്നുനിലകളാണ്. താഴത്തെ നില പാര്‍ക്കിങ്ങടക്കം വാഹനങ്ങള്‍ വന്നുപോകാനാണ്. രണ്ടാംനിലയിലാണ് ടിക്കറ്റ് കൗണ്ടറും മറ്റും സജ്ജമാക്കുക. കൂടാതെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, ജീവനക്കാര്‍ക്കുള്ള ഫ്‌ളാറ്റുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

അടുത്ത 100 വര്‍ഷത്തെ ആവശ്യം മുന്‍കൂട്ടിക്കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. ഒപ്പം മികച്ച ഹോട്ടല്‍കൂടി പദ്ധതിയുടെ ഭാഗമാകുമെന്നാണു സൂചന.
നാല് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനില്‍ മറ്റൊരു പ്ലാറ്റ്ഫോംകൂടി ഒരുക്കാനും പദ്ധതിയുണ്ട്. രൂപരേഖയില്‍ ഏകദേശ തീരുമാനമായതോടെ എത്രയും വേഗം നിര്‍മാണനടപടികളിലേക്ക് കടന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!