ചങ്ങനാശ്ശേരി : ശതാബ്ദി പിന്നിട്ട നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മൂലധനം അതിന്റെ സ്ഥാപനങ്ങളാണെന്നും , ഇവയുടെ സംരക്ഷണത്തിനാണ് സംഘടന ഏറ്റവുമധികം പ്രാധാന്യം നല്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
നൂറു വര്‍ഷത്തോളമെത്തിയ കെട്ടിടങ്ങളില്‍ പലതും ബലപ്പെടുത്തേണ്ടതുണ്ട്. ഇവയില്‍ 80 ശതമാനവും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ളവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എന്‍എസ്എസ് ബജറ്റ് ബാക്കിപത്ര സമ്മേളനത്തില്‍ വിശദീകരണം നടത്തവേ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഈ പരിശ്രമങ്ങളുമായാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി മുന്നോട്ടു പോകുന്നത്. എന്‍എസ്എസിന്റെ സാമ്പത്തിക ഭദ്രതയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നത്. സംഘടനയുടെ ആസ്തി അഴിമതിയിലൂടെ നേടിയെടുത്തതല്ല. അത് കേരളത്തിലെ പൊതുസമൂഹത്തിനു മുഴുവന്‍ അറിയാവുന്ന കാര്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇതിനെല്ലാം കഴിയുന്നത് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ അദൃശ്യ സാന്നിധ്യവും അനുഗ്രഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡോ. എന്‍.വി. അയ്യപ്പന്‍പിള്ള, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഹരികുമാര്‍ കോയിക്കല്‍, വൈസ് പ്രസിഡന്റ് എം. സംഗീത് കുമാര്‍, നായകസഭാംഗങ്ങള്‍, വകുപ്പ് മേധാവികള്‍, പ്രതിനിധി സഭാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എൻഎസ്എസിന് 204.66 കോടിയുടെ ആസ്തി
നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് 204.66 കോടിയുടെ ആസ്തി. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അവതരിപ്പിച്ച മുന്നിരിപ്പ് ഉള്‍പ്പെടെ 142.88 കോടി രൂപ വരവും 128,95 കോടി രൂപ ചെലവും 13.93 കോടി രൂപ നീക്കിയിരിപ്പും 20.14 കോടി രൂപ റവന്യൂ മിച്ചവും കാണിക്കുന്ന ഇന്‍കം ആന്‍ഡ് എക്സ്പെന്‍ഡീച്ചര്‍ സ്റ്റേറ്റ്‌മെന്റും, ബുക്ക് വാല്യൂവും അനുസരിച്ചാണ് 204,66,86,646 രൂപയുടെ സ്വത്ത്.
ഇത് സംബന്ധിച്ച ബാക്കിപത്രവും റിപ്പോര്‍ട്ടും എന്‍എസ്എസിന്റെ 2023- 24 സാമ്പത്തിക വര്‍ഷത്തെ വരവു ചെലവുകണക്കും ബാക്കിപത്രവും അംഗീകരിച്ചു.
പെരുന്നയിലെ എന്‍എസ്എസ് പ്രതിനിധിസഭാ മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനായി. എന്‍എസ്എസ് ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള അവതരിപ്പിച്ച ഓഡിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച ഔദ്യോഗിക പ്രമേയങ്ങളും യോഗം ഐകകണ്‌ഠേന പാസാക്കി.
