ക്ഷേത്രങ്ങളിൽ ഇനി രാഷ്ട്രീയകൊടി വേണ്ട…കർശന നിർദ്ദേശവുമായി സംസ്ഥാന സർക്കാർ.

തിരുവനന്തപുരം : ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ കൊടി-തോരണങ്ങളോ ചിഹ്നമോ അടയാളമോ വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഏകവർണ പതാക, രാഷ്ട്രീയസംഘടനകളിലെ വ്യക്തികളുടെയോ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയോ ചിത്രം, മത-സാമുദായിക സ്പർധയുണ്ടാക്കുന്നതും വളർത്തുന്നതുമായ പ്രചാരണ സാധനങ്ങൾ എന്നിവ ക്ഷേത്രത്തിലോ പരിസരത്തോ പ്രദർശിപ്പിക്കരുതെന്നാണ് നിർദ്ദേശം.

ഉത്സവകാലത്തും ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തൃശ്ശൂർ തേക്കിൻകാട് മൈതാനം പൊതുപരിപാടികൾക്ക് താത്കാലികമായി വാടകയ്ക്ക് നൽകുമ്പോൾ ക്ഷേത്ര ചുറ്റുമതിലിനു പുറത്തുള്ളതും ക്ഷേത്രത്തിന്റ ഉടമസ്ഥതയിലുള്ളതുമായ സ്ഥലത്തോ കെട്ടിടങ്ങളിലോ ദേവസ്വം കമ്മിഷണറുടെയോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയോ അനുമതിയോടെ മാത്രമേ കൊടിയോ തോരണങ്ങളോ അനുവദിക്കൂ.

വിവിധ ഘട്ടങ്ങിൽ ഹൈക്കോടതി നൽകിയ നിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ കടുത്തനിലപാട്. സർക്കാർ നിർദേശങ്ങളടങ്ങിയ സർക്കുലർ എല്ലാവർക്കും കാണത്തക്കവിധം ക്ഷേത്രങ്ങളിൽ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!