ന്യൂഡല്‍ഹി: 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്ന കാര്യത്തിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും.
1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ട ഇലന്തൂർ ഒടാലിൽ കുടുംബാംഗമായ തോമസ് ചെറിയാൻ ഇന്ത്യൻ സൈന്യത്തിൽ ക്രാഫ്റ്റ്സ്മാൻ ആയിരിക്കെയാണ് വിമാനാപകടത്തിൽ വീരമൃത്യു വരിച്ചത്. അപകടം നടക്കുമ്പോൾ വെറും 22 വയസ്സ് മാത്രമായിരുന്നു തോമസ് ചെറിയാന് പ്രായമുണ്ടായിരുന്നത്.
ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം. 1968ൽ ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിന് മുകളിൽ വെച്ച് വ്യോമസേനയുടെ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ചിരുന്ന നാല് സൈനികരുടെ ഭൗതിക ശരീരങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നത്. ഇന്ത്യൻ സൈന്യത്തിലെ ദോഗ്ര സ്കൗട്ടിൻ്റെയും തിരംഗ മൗണ്ടൻ റെസ്‌ക്യൂവിൻ്റെയും സംയുക്ത സംഘമാണ് അപകടം നടന്ന് 56 വർഷങ്ങൾക്ക് ശേഷം സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.