മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷൻ

കണ്ണൂർ : കവിയൂര്‍ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളുള്ള വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട് ദേശാഭിമാനി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ എ.വി. അനില്‍കുമാറിനെ സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ദേശാഭിമാനി ഫീച്ചര്‍ ഡസ്‌കിന്റെ ചുമതല വഹിച്ചിരുന്ന അനില്‍കുമാര്‍ സ്വന്തമായി എഴുതിയ കുറിപ്പിന് മോഹന്‍ലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര് വെച്ചതും അതില്‍ സാരമായ തെറ്റ് വന്നതും ഗുരുതരമായ കുറ്റമായി ദേശാഭിമാനി മാനേജ്‌മെന്റും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

മോഹന്‍ലാലിന്റെ ജീവിച്ചിരിക്കുന്ന അമ്മയെ മരിച്ചതായാണ് കുറിപ്പില്‍ ചിത്രീകരിച്ചത്.

ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തില്‍ ‘അമ്മ, പൊന്നമ്മ’എന്ന തലക്കെട്ടില്‍ മോഹന്‍ലാല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ ‘എന്റെ ആരാധകരും അതേറെ ഇഷ്ടപ്പെട്ടതാണെന്നാണ് മനസ്സിലാക്കുന്നത്.

രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞു പോയി.
ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു…’

മാധ്യമങ്ങളുടെ നുണ പ്രചാരണത്തിനെതിരെ ദേശാഭിമാനിയും പാര്‍ട്ടിയും രംഗത്ത് വന്ന സന്ദര്‍ഭത്തില്‍ ദേശാഭിമാനിയില്‍ വന്ന ഈ കുറിപ്പ് വന്‍ തിരിച്ചടിയായതായും സി.പി.ഐ.എം. കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!