കോട്ടയം : ക്ഷേത്രാരാധന അനുഷ്ഠാനങ്ങളിൽ അന്തിമതീരുമാനം എടുക്കുവാനുള്ള അധികാരം തന്ത്രിമാർക്കാണെന്നും, തന്ത്രിമാരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു മാത്രമേ ക്ഷേത്രാചാരങ്ങളിൽ മുന്നോട്ട് പോകാവൂ എന്നതാണ് സർക്കാർ നയമെന്നും ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
കോട്ടയത്ത് കുമാരനെല്ലൂരിൽ അഖില കേരള തന്ത്രി സമാജം ദക്ഷിണ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതാതു കാലത്തെ പ്രാദേശിക ഭരണകർത്താക്കൾക്ക് തീരുമാനിക്കാവുന്നതല്ല തന്ത്രിയുടെ അധികാരങ്ങൾ. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ അടുത്തിടെ പുറത്തിറക്കിയ ഓർഡറിൽ ഇതിനു വിരുദ്ധമായ ചില പരാമർശങ്ങൾ കടന്നു കൂടിയത് ഗൗരവപൂർവമാണ് ദേവസ്വം വകുപ്പ് കാണുന്നതെന്നും മന്ത്രി തുടർന്ന് പറഞ്ഞു.
യോഗത്തിൽ ദക്ഷിണ മേഖലാ പ്രസിഡൻറ് അടിമുറ്റത്ത് സുരേഷ് ഭട്ടതിരി അധ്യക്ഷനായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ.അജി കുമാർ മുഖ്യപ്രഭാഷണവും, സമാജം ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് ആമുഖ പ്രഭാഷണവും നടത്തി.
കുമാരനല്ലൂർ ദേവസ്വം മാനേജർ മുരളി കാഞ്ഞിരക്കാട്ട്, സമാജം മധ്യമേഖലാ പ്രസിഡൻ്റ് സി.പി. നാരായണൻ നമ്പൂതിരിപ്പാട്, കേന്ദ്ര വൈസ് പ്രസിഡന്റ് എ. എ. ഭട്ടതിരിപ്പാട് മേഖലാ സെക്രട്ടറി കോക്കുളത്ത് ശംഭുപോറ്റി, കടിയക്കോൽ ഡോ. ശ്രീകാന്ത് നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.