കേന്ദ്ര വിനോദസഞ്ചാര ഭൂപടത്തിൽ ഇല്ലിക്കൽക്കല്ലും ഇലവീഴാപ്പൂഞ്ചിറയും ഉൾപ്പെടുത്തണം; സുരേഷ് ഗോപിയ്ക്ക് നിവേദനം

കോട്ടയം : കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കൽക്കല്ലും ഇലവീഴാപ്പൂഞ്ചിറയും കേന്ദ്ര വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം. എംപി ഫ്രാൻസിസ് ജോർജ്, എംഎൽഎ മാണി സി കാപ്പൻ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ചേർന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകി.

സൂര്യോദയവും അസ്തമയവും ഒരേ സ്ഥലത്ത് നിന്നും വളരെ വ്യക്തമായി കാണാൻ സാധിക്കുന്ന സ്ഥലമാണ് ഇലവീഴാപ്പൂഞ്ചിറ. മഞ്ഞിൽ പൊതിഞ്ഞ ആകാശത്തോളം ഉയർന്നു നിൽക്കുന്ന മലനിരകളാണ് ഇല്ലിക്കൽക്കല്ല്. അതുകൊണ്ട് തന്നെ
ഹൈറേഞ്ചിന്റെ മനോഹാരിതയും കാലാവസ്ഥയും പ്രയോജനപ്പെടുത്തി കൂടുതൽ വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കാം. ഇതിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും സുരേഷ് ഗോപിയ്ക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കുന്നു.

രണ്ട് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് റോപ് വേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണം. അതിനായുള്ള മാസ്റ്റർ പ്ലാൻ പ്രാദേശിക ഭരണകൂടങ്ങളുമായും ജനങ്ങളുമായും ആലോചിച്ച് തയ്യാറാക്കണമെന്നും നിവേദനത്തിൽ ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!