50 വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി എത്തുന്നു; ദോഡയില്‍ ബിജെപി റാലിയെ ഇളക്കിമറിക്കാന്‍ മോദി

ശ്രീനഗര്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജമ്മുകശ്മീരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദോഡയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യം. 50 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി ദോഡ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത്. ദോഡ സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ റാലി കൂടിയാണിത്. സെപ്റ്റംബര്‍ 19 ന് മോദി ശ്രീനഗറും സന്ദര്‍ശിക്കും.

സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തീയതികളിലായി മുന്ന് ഘട്ടങ്ങളിലായാണ് ജമ്മുവില്‍ വോട്ടെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. പ്രധാനമന്ത്രിയുടെ യോഗത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സ്ഥലം സന്ദര്‍ശിക്കുകയും സെപ്റ്റംബര്‍ 14 ന് നടക്കുന്ന പൊതുയോഗത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു. 50 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഡോഡ സന്ദര്‍ശിക്കുന്നതെന്നും സിങ് പറഞ്ഞു.

‘കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദോഡയില്‍ വളരെയേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നു. ഉള്‍ഗ്രാമങ്ങള്‍ പോലും വികസനത്തിന്റെ പാതയിലേക്ക് എത്തിക്കാന്‍ മോദിക്ക് കഴിഞ്ഞു. ഇത് ജനങ്ങള്‍ക്ക് വലിയ ആവേശം നല്‍കുന്നു’ – ജിതേന്ദ്രസിങ് പറഞ്ഞു.

2014ലാണ് ജമ്മു കശ്മീരില്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വോട്ടെടുപ്പ്. 90 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!