മര്‍ദ്ദിക്കാന്‍ നിര്‍ബന്ധിക്കും, സുജിത് ദാസിന്റെ അനിഷ്ടം മൂലം പലവട്ടം സ്ഥലംമാറ്റി; എഎസ്‌ഐ ശ്രീകുമാറിന്റെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ എഎസ്‌ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് നാസര്‍. അന്നത്തെ എസ്പിയായിരുന്ന സുജിത് ദാസിന്റെ അനിഷ്ടം മൂലം ശ്രീകുമാറിനെ പലവട്ടം സ്ഥലംമാറ്റി. സേനയിലുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മരിക്കുന്നതിന് തലേന്ന് ശ്രീകുമാര്‍ തന്നോട് പറഞ്ഞിരുന്നു എന്നും നാസര്‍ പറഞ്ഞു.

ശ്രീകുമാറിന്റെ ഭാര്യയും പൊലീസുകാരിയാണ്. ശ്രീകുമാറിന് നൈറ്റ് ഡ്യൂട്ടി നല്‍കിയാല്‍ ഭാര്യയ്ക്ക് പകല്‍ ഡ്യൂട്ടി നല്‍കും. രണ്ടുപേരെയും ഒരേസമയം വീട്ടില്‍ കഴിയാന്‍ അനുവദിക്കാറില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. പ്രതികളെ മര്‍ദ്ദിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രീകുമാറിനെ നിര്‍ബന്ധിക്കുമായിരുന്നു. പിന്നീട് ഇതിനു കൂട്ടാക്കാതിരുന്നതോടെ ശ്രീകുമാറിനെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പീഡിപ്പിക്കാന്‍ തുടങ്ങി.

ശ്രീകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസുകാര്‍ കീറിക്കൊണ്ടുപോയെന്നും നാസര്‍ പറഞ്ഞു. ഒരു ഡയറിയെക്കുറിച്ച്  ശ്രീകുമാര്‍ പറഞ്ഞിരുന്നു. അതു അവര്‍ക്ക് കിട്ടിയോയെന്ന് അറിയില്ല. ഒരു പുസ്തക ത്തില്‍ എന്തോ എഴുതിവെച്ചിട്ടുണ്ട്. അതു വായിക്കുമ്പോള്‍ അറിയാം. ജോലി രാജിവെക്കുന്നകാര്യവും ശ്രീകുമാര്‍ പറഞ്ഞിരുന്നുവെന്ന് നാസര്‍ പറഞ്ഞു.

ജീവിതത്തിൽ താൻ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ കാരണം ഡയറിയിൽ എഴുതി വെക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. സേനയിൽ നിന്നും, എസ്പിയിൽ നിന്നും നേരിട്ട ബുദ്ധിമുട്ടാണ് ശ്രീകുമാറിന്റെ ആത്മഹത്യക്ക് കാരണമെന്നും നാസർ ആരോപിച്ചു. എടവണ്ണ സ്വദേശിയായ ശ്രീകുമാർ 2021 ജൂൺ 10 നാണ് ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!