സഖാക്കള്‍ ഒന്നടങ്കം ബഹിഷ്ക്കരിച്ചു; എം.വി.ഗോവിന്ദന്റെ തട്ടകത്തില്‍ ബ്രാഞ്ച് സമ്മേളനം മുടങ്ങി

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സ്വന്തം തട്ടകത്തിൽ സിപിഎം ബ്രാഞ്ച് സമ്മേളനം മുടങ്ങി. പ്രതിനിധികള്‍ ഒന്നടങ്കം ബഹിഷ്ക്കരിച്ചതിനെ തുടര്‍ന്നാണ് മൊറാഴയില്‍ സമ്മേളനം മുടങ്ങിയത്. മൊറാഴ ലോക്കൽ കമ്മിറ്റിക്കു കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ പേരും ബഹിഷ്‍കരിച്ചത്.

ഇതാദ്യമായാണ് പാര്‍ട്ടി ഗ്രാമത്തില്‍ ബ്രാഞ്ച് സമ്മേളനം നടക്കാതെ പോകുന്നത്. പ്രദേശത്തെ അംഗൻവാടി ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാത്തതാണ് അംഗങ്ങളെ ഇങ്ങനെ ഒരു നിലപാട് എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.

ദേവർകുന്ന് അംഗൻവാടിയിലെ ഹെൽപറുടെ സ്ഥലംമാറ്റ പ്രശ്നത്തിലാണ് സഖാക്കള്‍ ഉടക്കിയത്. പ്രശ്‌നം പരിഹരിക്കാതെ സമ്മേളനം നടത്തരുതെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്.

ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നു. ലോക്കൽ കമ്മിറ്റി നേതാക്കൾ ഏരിയ നേതൃത്വവുമായി ബന്ധപ്പെട്ടു. എന്നാൽ പ്രശ്നപരിഹാരം ഉണ്ടായില്ല. ഇതോടെ സമ്മേളനം ഒഴിവാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!