റിട്ട: ജഡ്ജ് സിറിയക് ജോസഫിനെതിരെ അന്വേഷണത്തിന് നിർദ്ദേശം


ന്യൂഡൽഹി : സുപ്രീംകോടതി റിട്ട: ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ചുള്ള പരാതിയിൽ  സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് അന്വേഷണം നടത്തുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു.

മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്  നൽകിയ പരാതിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലാണ് അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.

സംസ്ഥാന ആഭ്യന്തരവകുപ്പ് റിട്ട:ജഡ്ജ് സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തുന്നതിൻ്റെ നിയമവശം ചോദിച്ചുകൊണ്ട് സംസ്ഥാന നിയമസെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ അന്വേഷണം സംബന്ധിച്ച് തുടർനടപടി സ്വീകരിക്കാവുന്നതാണെന്ന് നിയമവകുപ്പ് സെക്രട്ടറി സംസ്ഥാന ആഭ്യന്തര വകുപ്പിന് നിയമോപദേശവും നൽകിയിരുന്നു.

സിറിയക് ജോസഫ്, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി കേരള ഹൈക്കോടതി റജിസ്ട്രാർ ജനറലിന് കത്ത് നൽകിയിരുന്നു.

സിറിയക് ജോസഫിനെതിരെയുളള ചില കാര്യങ്ങൾക്ക് അന്വേഷണം നടത്തുവാൻ ഹൈക്കോടതിയിൽ സംവിധാനമില്ലെന്നും പരാതിയിൽ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും ആഭ്യന്തരവകുപ്പാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റജിസ്ട്രാർ ജനറൽ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് മറുപടി നൽകി. ചരിത്രത്തിൽ അപൂർവ്വമായിട്ടാണ് ഒരു സുപ്രീംകോടതി റിട്ട:ജഡ്ജിക്കെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച പരാതിയിൽ അന്വേഷിക്കാൻ ഉത്തരവിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!