ലഖ്‌നൗ: ഹാളില്‍ ക്ഷണിക്കാതെ അതിഥിയായി എത്തിയ പുള്ളിപ്പുലിയെ കണ്ട് അമ്പരന്ന് വിവാഹ വിരുന്നിനെത്തിയവര്‍. പുലിയെ കണ്ടതോടെ പരിഭ്രാന്തരായ ആളുകള്‍ ഹാളില്‍ നിന്ന് ജീവനും കൊണ്ടോടി. അതിനിടെ പുറത്തേക്ക് ഓടിയ വരനും വധുവും സമീപത്തുണ്ടായിരുന്ന കാറില്‍ കയറി സുരക്ഷിതരായി ഇരിപ്പുറപ്പിച്ചു. ലഖ്‌നൗവിലെ ബുദ്ധേശ്വര്‍ റോഡിലെ ഹാളിലെ വിവാഹ വിരുന്നിനിടെയാണ് സംഭവം.
പുലിയെ കണ്ടതിന് പിന്നാലെ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടി. ഇതിനിടെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പുലിയെ പിടികൂടാനായത്.
പുലിയെ പിടികൂടുന്നതുവരെ ഭയന്ന് വാഹനത്തില്‍ തന്നെ ഇരിക്കുകയായിരുന്നെന്ന് ചടങ്ങിനെത്തിയ ആളുകള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിടികൂടുന്നതിനിടെ പുലി വനം വകുപ്പ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിത്തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.