ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ, പ്രഗ്യാന്‍ റോവര്‍ അയച്ച ഡാറ്റയില്‍ നിന്നുള്ള പുതിയ കണ്ടെത്തല്‍ ഐഎസ്ആര്‍ഒയുടെ കിരീടത്തില്‍ പുതിയ ഒരു പൊന്‍തൂവല്‍ ആകുന്നു.സയന്‍സ് ജേണല്‍ ആയ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചന്ദ്രനില്‍ ഒരിക്കല്‍ ‘മാഗ്മ സമുദ്രം’ ഉണ്ടായിരുന്നു എന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ടായിരുന്നതായി പറയുന്ന ഉരുകിയ പാറയുടെ പാളിയാണ് മാഗ്മ സമുദ്രം.
ചന്ദ്രോപരിതലത്തില്‍ 100 മീറ്റര്‍ നീളത്തില്‍ നടത്തിയ പര്യവേക്ഷണത്തിനിടെ പ്രഗ്യാന്‍ റോവര്‍ ശേഖരിച്ച ചന്ദ്രനിലെ മണ്ണിന്റെ വിശകലനത്തില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. വിക്രം ലാന്‍ഡര്‍ വിന്യസിച്ച റോവര്‍, 2023 ഓഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. ഐഎസ്ആര്‍ഒ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 പേടകത്തില്‍ ലാന്‍ഡറും റോവറും ഉള്‍പ്പെടുന്നു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നടത്തിയ പര്യവേക്ഷണത്തില്‍, ചാന്ദ്ര മണ്ണില്‍ പ്രധാനമായും ഫെറോന്‍ അനോര്‍ത്തോസൈറ്റ് അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍. ഒരു തരം പാറയാണ് ഫെറോന്‍ അനോര്‍ത്തോസൈറ്റ്. ഈ കണ്ടെത്തല്‍ മുന്‍കാല ദൗത്യങ്ങളില്‍ നിന്നുള്ള കണ്ടെത്തലുകളെ പ്രതിഫലിപ്പിക്കുന്നതാണ്. ചന്ദ്രന്റെ പുറംതോടിന് ഒരു ഏകീകൃത ഘടന ഉണ്ടായിരിക്കാമെന്ന് പഠനം അനുമാനിക്കുന്നു. ഇത് ചന്ദ്രോപരിതലത്തിലെ ‘മാഗ്മ സമുദ്രം’ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതാണ്. ചന്ദ്രന്റെ ആദ്യകാല വികാസത്തില്‍ അതിന്റെ ആവരണം മുഴുവന്‍ ഉരുകി മാഗ്മയായി മാറിയിരിക്കാം.അത് തണുത്തപ്പോള്‍, സാന്ദ്രത കുറഞ്ഞ ഫെറോന്‍ അനോര്‍ത്തോസൈറ്റ് പുറംതോട് രൂപപ്പെടാന്‍ ഉപരിതലത്തില്‍ ഒഴുകി നടക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം ഭാരമേറിയ ധാതുക്കള്‍ ആവരണം രൂപപ്പെടാന്‍ താഴേക്ക് നീങ്ങിയിരിക്കാമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് പ്രോട്ടോപ്ലാനറ്റുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ചന്ദ്രന്‍ രൂപപ്പെട്ടത് എന്നാണ് നിഗമനം. രൂപീകരണ സമയത്ത് ചന്ദ്രന്റെ തീവ്രമായ ചൂട് കാരണം അതിന്റെ ആവരണം ഉരുകി മാഗ്മ സമുദ്രം രൂപപ്പെടാന്‍ ഇടയാക്കി എന്നാണ് കണ്ടെത്തല്‍.
