മസ്കറ്റ്: ഒമാനിൽ വീണ്ടും വിസാ വിലക്ക്. ആറ് മാസത്തേക്കാണ് വിസ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിർമാണത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, പാചക തൊഴിലാളികൾ തുടങ്ങിയ 13 തസ്തികകളിൽ പുതിയ വിസ അനുവദിക്കില്ലെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. നിരവധി മലയാളികൾ തൊഴിൽ തേടി എത്തുന്ന മേഖലകളിലാണ് ഇപ്പോൾ ഒമാൻ വിസാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബർ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. എന്നാൽ ഈ തസ്തികകളിൽ നിലവിലുള്ള വിസ പുതുക്കുന്നതിനോ സ്ഥാപനം മാറുന്നതിനോ തടസമുണ്ടാകില്ല. സ്വദേശികൾക്ക് തൊഴിൽ സാധ്യത ഒരുക്കുക എന്ന ലക്ഷ്യമിട്ട് കർശന നയങ്ങളാണ് ഒമാൻ നടപ്പാക്കുന്നത്. ഓരോ ആറ് മാസം കഴിയുമ്പോഴും നയങ്ങൾ പുതുക്കുന്നുമുണ്ട്.
നിലവിൽ നൂറിലേറെ വിഭാഗങ്ങളിൽ വിസാ വിലക്കുണ്ട്. സ്വദേശിവത്കരണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനവും ആരംഭിച്ചിട്ടുണ്ട്.